August 15, 2026

നേരിയ ആശ്വാസം. എൽപിജി ഗ്യാസ് സിലിണ്ടറിന് വില കുറഞ്ഞു. വാണിജ്യ സിലിണ്ടറിനാണ് കുറഞ്ഞത്.

രാജ്യത്ത് എൽപിജി സിലിണ്ടർ വിലയിൽ വലിയ കുറവ് പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാർ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വിലയാണ് കുറച്ചിരിക്കുന്നത്. 183.50 രൂപയുടെ കുറവോടെ സിലിണ്ടറിന്റെ പുതിയ വില 2,930 രൂപയായി. നേരത്തെ ഇത് 3,113.50 രൂപയായിരുന്നു. അതേസമയം, ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. 2026ൽ ആദ്യമായാണ് വാണിജ്യ സിലിണ്ടറിന്റെ വില കുറയ്ക്കുന്നത്.




2026ന്റെ തുടക്കത്തിൽ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 1,691.50 രൂപയായിരുന്നു. എന്നാൽ തുടർച്ചയായ വിലവർധനവിനെ തുടർന്ന് ജൂൺ മാസത്തോടെ വില ഏകദേശം ഇരട്ടിയായി. മാർച്ച് മാസത്തിൽ രണ്ട് തവണയാണ് നിരക്ക് വർധിപ്പിച്ചത്. മാർച്ച് 1ന് 28 രൂപയും മാർച്ച് 7ന് 114.50 രൂപയും വർധിപ്പിച്ചു. തുടർന്ന് മെയ് മാസത്തിൽ ഒറ്റയടിക്ക് 993 രൂപയുടെ വർധനവുണ്ടായി. ജൂൺ 1ന് വീണ്ടും 42 രൂപ കൂടി വർധിപ്പിച്ചിരുന്നു.

പ്രമുഖ നഗരങ്ങളിലെ പുതിയ എൽപിജി നിരക്ക്

  • ന്യൂഡൽഹി – 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 2,930 രൂപ
  • ലഖ്‌നൗ – 3,236 രൂപയിൽ നിന്ന് 3,052.50 രൂപയായി
  • കൊൽക്കത്ത – 3,255.50 രൂപയിൽ നിന്ന് 3,081.50 രൂപയായി
  • പട്‌ന – 3,227 രൂപ

ഗാർഹിക സിലിണ്ടറിന്റെ വില

ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ നിലവിൽ മാറ്റമില്ല. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം 2026 മാർച്ച് 7നാണ് ഗാർഹിക സിലിണ്ടറുകളുടെ വില ആദ്യമായി വർധിപ്പിച്ചത്. അന്ന് 60 രൂപ കൂട്ടി 853 രൂപയിൽ നിന്ന് 913 രൂപയാക്കി. തുടർന്ന് ജൂൺ 7ന് വീണ്ടും 29 രൂപ വർധിപ്പിച്ചതോടെ വില 942 രൂപയായി. കഴിഞ്ഞ ഒരു വർഷത്തിനിടെ ഗാർഹിക സിലിണ്ടറിന്റെ വില ആകെ 89 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്.

ഇതും വായിക്കാം: പശ്ചിമേഷ്യൻ സംഘർഷം: വാണിജ്യ എൽ.പി.ജിക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി

പെട്രോൾ കയറ്റുമതി തീരുവ ഉയർന്നു

ജൂലൈ 1 മുതൽ പെട്രോൾ കയറ്റുമതിക്കുള്ള പ്രത്യേക അധിക എക്‌സൈസ് തീരുവ കേന്ദ്ര സർക്കാർ വർധിപ്പിച്ചു. ലിറ്ററിന് 1.50 രൂപയായിരുന്ന തീരുവ 4 രൂപയാക്കി ഉയർത്തി. ആഭ്യന്തര വിപണിയെക്കാൾ കൂടുതൽ ലാഭം ലക്ഷ്യമാക്കി വിദേശ വിപണികളിലേക്ക് പെട്രോൾ കയറ്റുമതി ചെയ്യുന്ന എണ്ണക്കമ്പനികളെ ലക്ഷ്യമിട്ടാണ് ഈ തീരുമാനം.




ഇന്നത്തെ പെട്രോൾ–ഡീസൽ വില

ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഇന്ധനവിലയിൽ മാറ്റമുണ്ടായിട്ടില്ല. ക്രൂഡ് ഓയിൽ വില ബാരലിന് 72 ഡോളറിലെത്തിയിട്ടുണ്ട്. യുദ്ധത്തിന് മുമ്പുണ്ടായിരുന്ന നിരക്കിനോട് അടുത്ത നിലയിലാണ് ഇപ്പോഴത്തെ വില.

എന്നിരുന്നാലും രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമില്ല. വിവിധ സംസ്ഥാനങ്ങളിൽ ഇന്ന് പെട്രോൾ ലിറ്ററിന് 114 മുതൽ 118 രൂപ വരെയും ഡീസൽ ലിറ്ററിന് 103 മുതൽ 105 രൂപ വരെയുമാണ് വില. ക്രൂഡ് ഓയിൽ വിലയിലെ ഇടിവിന്റെ പ്രതിഫലനം വരും ദിവസങ്ങളിൽ ആഭ്യന്തര ഇന്ധനവിലയിലും കാണാനാകുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *