മഹാരാഷ്ട്രയിലെ പുണെയ്ക്ക് സമീപമുള്ള പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ലോഹഗഡ് കോട്ടയിൽ യുവ വ്യവസായി കേതൻ അഗർവാളിന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്. ആദ്യം അപകടമരണമെന്നാണ് കരുതപ്പെട്ടിരുന്ന സംഭവം, ആസൂത്രിത കൊലപാതകമാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.
പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യവസായി വിശാൽ അഗർവാളിന്റെ മകനും കമ്പനി ഡയറക്ടറുമായ 26കാരനായ കേതൻ അഗർവാളിനെ കൊലപ്പെടുത്തിയതിൽ അദ്ദേഹത്തിന്റെ പ്രതിശ്രുത വധുവായ 20കാരി സിയാ ഗോയലും, സിയയുടെ സുഹൃത്തായ ചേതൻ ചൗധരിയും അറസ്റ്റിലായതായി പുണെ റൂറൽ പോലീസ് അറിയിച്ചു.
സംഭവത്തിന് പിന്നാലെ, “എന്റെ ജന്മദിനത്തിൽ തന്നെ അവൻ എന്നെ തനിച്ചാക്കി പോയി” എന്ന കുറിപ്പോടെ സിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറി ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. കേതന്റെ മരണത്തിൽ അതീവ ദുഃഖിതയായാണ് സിയ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ പിന്നീട് പുറത്തുവന്ന വിവരങ്ങൾ ഈ പോസ്റ്റിനും പിന്നിലെ യഥാർത്ഥ സംഭവവികാസങ്ങൾക്കും തമ്മിൽ വലിയ വൈരുധ്യമുണ്ടെന്ന് വ്യക്തമാക്കുന്നു.
ആദ്യഘട്ടത്തിൽ, ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി കേതൻ കൊക്കയിലേക്ക് വീണുവെന്നായിരുന്നു സിയ പോലീസിനോട് പറഞ്ഞത്. എന്നാൽ കേതന്റെ കുടുംബാംഗങ്ങൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിൽ, സിയയും ചേതനും ചേർന്ന് കേതനെ ലോഹഗഡ് കോട്ടയിലെ 400 അടി താഴ്ചയുള്ള കൊക്കയിലേക്ക് തള്ളിയിട്ടതായാണ് കണ്ടെത്തിയത്. സിയയും ചേതനും തമ്മിലുള്ള ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ ഇരുവരും തമ്മിൽ സ്ഥിരമായി ആശയവിനിമയം നടത്തിയിരുന്നതായും അന്വേഷണത്തിന് നിർണായകമായ തെളിവുകൾ ലഭിച്ചതായും പോലീസ് അറിയിച്ചു.
കേതന്റെയും സിയയുടെയും വിവാഹം ഈ വർഷം നവംബറിൽ നടത്താനായിരുന്നു കുടുംബങ്ങൾ തീരുമാനിച്ചിരുന്നത്. വിവാഹത്തിനായുള്ള ഒരുക്കങ്ങളും പുരോഗമിച്ചുവരികയായിരുന്നു. എന്നാൽ സിയയ്ക്ക് ചേതൻ ചൗധരിയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും, കുടുംബം നിശ്ചയിച്ച വിവാഹത്തിൽ അവൾക്ക് താൽപര്യമില്ലായിരുന്നുവെന്നുമാണ് അന്വേഷണത്തിൽ വ്യക്തമായത്.
സ്വന്തം ജന്മദിനം ആഘോഷിക്കാമെന്ന പേരിൽ കേതനെ ലോഹഗഡ് കോട്ടയിലേക്ക് കൊണ്ടുപോയ ശേഷം, മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരം കൊലപാതകം നടപ്പാക്കിയതായാണ് പോലീസിന്റെ കണ്ടെത്തൽ.
തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഇരുവരും പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയതെന്ന് പോലീസ് വ്യക്തമാക്കി. ശാസ്ത്രീയ തെളിവുകളും ഫോൺ രേഖകളും ഉൾപ്പെടെയുള്ള വിവരങ്ങൾ മുന്നിൽ വെച്ചതോടെ പ്രതികൾ കുറ്റം സമ്മതിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവത്തിൽ സിയാ ഗോയലിനെയും ചേതൻ ചൗധരിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടമരണമെന്ന നിലയിൽ ആദ്യം കണക്കാക്കിയ സംഭവം ആസൂത്രിത കൊലപാതകമാണെന്ന് തെളിഞ്ഞതോടെ മഹാരാഷ്ട്രയിൽ സംഭവം വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.