കേരളത്തിലെ റേഷൻ വിതരണം കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ നടപടികൾ എടുത്തിട്ടുണ്ട്. ഇതിന്റെ പ്രധാന ഘട്ടമായി, തുടർച്ചയായി ആറുമാസത്തിലധികമായി റേഷൻ വാങ്ങാത്ത 5.6 ലക്ഷം നോൺ-പ്രയോറിറ്റി കാർഡുകൾ താൽക്കാലികമായി മരവിപ്പിക്കാൻ കേരളത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രതിമാസം ശരാശരി 17.65 ലക്ഷം പേർ റേഷൻ വിഹിതം കൈപ്പറ്റാത്ത സാഹചര്യത്തിൽ, ആയുഷ്മാൻ ഭാരത് പോലുള്ള മറ്റ് സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾക്ക് വേണ്ടി മാത്രം കാർഡ് ഉപയോഗിക്കുന്ന ഗുണഭോക്താക്കളെ കണ്ടെത്തി ഒഴിവാക്കുന്നതാണ് ഇതിന്റെ ലക്ഷ്യം.
ഇങ്ങനെ മരവിപ്പിക്കുന്ന കാർഡുകൾക്ക് ഒക്ടോബർ ഒന്ന് മുതൽ റേഷൻ കാർഡ് വഴിയുള്ള സബ്സിഡി ധാന്യങ്ങൾ ലഭിക്കില്ല. എന്നാൽ മൂന്ന് മാസത്തിനുള്ളിൽ കാർഡിലെ എല്ലാ അംഗങ്ങളും ഇ-കെവൈസി പൂർത്തിയാക്കുകയും മൊബൈൽ നമ്പർ ബന്ധിപ്പിക്കുകയും ചെയ്താൽ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കാനാകും.
എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ കാർഡുകൾ പൂർണമായും റദ്ദാക്കപ്പെടാൻ സാധ്യതയുണ്ട്.
ഇതോടൊപ്പം, ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയുടെ ഭാഗമായുള്ള സ്മാർട്ട് കാർഡ് സംവിധാനം നടപ്പിലാക്കുന്നതോടെ പൊതുവിതരണത്തിന്റെ നിയന്ത്രണം ഭാഗികമായി കേന്ദ്രത്തിന്റെ കൈകളിലേക്ക് മാറും.
നിലവിൽ മുൻഗണന പട്ടികയിൽ നിന്ന് ഒഴിവാക്കുന്ന കുടുംബങ്ങൾക്ക് പകരം പുതിയ അപേക്ഷകർക്ക് കാർഡ് നൽകാൻ സംസ്ഥാനത്തിന് അധികാരം ഉണ്ടായിരുന്നെങ്കിൽ, ഇനിമുതൽ കാർഡ് വിതരണത്തിന് മുൻഗണന നിശ്ചയിക്കുന്നതും കേന്ദ്രാനുമതി നിർബന്ധമാകും.
റേഷൻ കാർഡുകളുടെ വിവരങ്ങൾ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ ഇന്ത്യയുടെ സർവറിലേക്ക് കൈമാറിക്കഴിഞ്ഞാൽ, ആധാർ വിവരങ്ങൾ പരിശോധിച്ച് അനർഹരായവരെ കേന്ദ്രം നേരിട്ട് ഒഴിവാക്കും.
ഗോഡൗണുകൾ മുതൽ റേഷൻ കടകൾ വരെയുള്ള ധാന്യവിതരണം, റൂട്ട് മാപ്പ്, ക്യാമറാ നിരീക്ഷണം എന്നിവ ഏകോപിപ്പിച്ചുകൊണ്ട് ആദ്യം ഒരു ജില്ലയിലും തുടർന്ന് സംസ്ഥാനവ്യാപകമായും ഈ പദ്ധതി അടിയന്തരമായി നടപ്പിലാക്കാനാണ് കേരളത്തിന്റെ ഉദ്ദേശം.