August 15, 2026

പ്രവാസി തിരിച്ചറിയൽ കാർഡ്

ദോഹ: കേരള സർക്കാരിന്റെ പ്രവാസി മലയാളി ക്ഷേമ വകുപ്പായ നോർക്ക റൂട്ട്സ് വഴി നൽകുന്ന പ്രവാസി തിരിച്ചറിയൽ കാർഡുകളുടെ വിതരണവും ബോധവത്കരണവും വ്യാപിപ്പിക്കുന്നതിനായി പ്രത്യേക പ്രചാരണ കാമ്പയിൻ ആരംഭിക്കും. ജൂൺ 15 മുതൽ ജൂലൈ 15 വരെയാണ് കാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് നോർക്ക റൂട്ട്സ് അധികൃതർ അറിയിച്ചു. പ്രവാസികൾക്കും വിദേശത്തുനിന്ന് തിരിച്ചെത്തിയവർക്കും ഒട്ടനവധി ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതാണ് നോർക്ക ഐ.ഡി കാർഡുകൾ.



വിദേശത്ത് ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന പ്രവാസികൾക്കായി 2008-ലും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന കേരളീയർക്കായി 2012-ലുമാണ് നോർക്ക റൂട്ട്സ് പ്രവാസി തിരിച്ചറിയൽ കാർഡ് തുടങ്ങിയത്. മൂന്ന് വർഷം കാലാവധിയുള്ള ഈ പ്രവാസി തിരിച്ചറിയൽ കാർഡ്, എൻ.ആർ.കെ ഫെഡി കാർഡ്/ സ്റ്റുഡന്റ് ഐഡി കാർഡ് എന്നിവയിലൂടെ അംഗമാവുന്നവർക്ക് അപകട മരണത്തിന് അമ്പത് ലക്ഷം രൂപയുടെയും അപകടം മൂലമുള്ള സ്ഥിരമായ ഭാഗികമോ ആയ അംഗവൈകല്യങ്ങൾക്ക് പരമാവധി രണ്ട് ലക്ഷം രൂപയുടെയും പരിരക്ഷയാണ് നൽകിവരുന്നത്.

നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ നോർക്ക സെന്ററുകൾ വഴിയോ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. പാസ്പോർട്ട്, വിസ എന്നിവയുടെ പകർപ്പും നിശ്ചിത ഫീസും അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഇതുകൂടാതെ, വിദേശ രാജ്യങ്ങളിൽ പ്രതികൂല കാലാവസ്ഥയിൽ തൊഴിലെടുക്കുന്ന മലയാളികളുടെ ആരോഗ്യ സംരക്ഷണത്തിനായി, ഒരു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന ഒരു ക്രിട്ടിക്കൽ ഇൽനസ് ഇൻഷുറൻസ് പോളിസിയും ‘നോർക്ക പ്രവാസി രക്ഷ’ എന്ന പേരിൽ നോർക്ക റൂട്ട്സ് നടപ്പാക്കിയിട്ടുണ്ട്. പ്രവാസി മലയാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി നോർക്ക റൂട്ട്സ് ‘നോർക്ക കെയർ’ എന്ന പേരിൽ ഒരു സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.




സാധുവായ നോർക്ക പ്രവാസി ഐഡി കാർഡുള്ള പ്രവാസി കേരളീയർ, വിദേശത്ത് പഠിക്കുന്ന നോർക്ക സ്റ്റുഡന്റ് ഐ.ഡി കാർഡുള്ള മലയാളി വിദ്യാർത്ഥികൾ, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ കഴിയുന്ന എൻ.ആർ.കെ ഐഡി കാർഡുള്ള പ്രവാസി കേരളീയർ എന്നിവർക്ക് ഈ പദ്ധതിയിൽ അംഗമാവാം. കഴിഞ്ഞ വർഷം നവംബർ ഒന്നു മുതൽ പദ്ധതി പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ‘നോർക്ക കെയർ’ പദ്ധതിക്ക് ലഭിച്ച സ്വീകാര്യതയും സമയപരിധിക്കുള്ളിൽ തുടർന്നും നിരവധി പ്രവാസികൾക്ക് രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കുന്നതിനുമായി പദ്ധതിയായ ‘നോർക്ക കെയർ പ്ലസ്’ അവതരിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ ഏപ്രിൽ 14 വരെ ഇതിന്റെ രജിസ്ട്രേഷൻ സമയപരിധിയും നീട്ടിയിരുന്നു.




നോർക്ക കെയർ, നോർക്ക കെയർ പ്ലസ് എന്നീ പദ്ധതികളിലായി 1.70 ലക്ഷം പ്രവാസികൾ അംഗത്വം നേടിയതോടെ ഏകദേശം 15 ലക്ഷം പ്രവാസി കുടുംബങ്ങൾക്ക് പദ്ധതിയുടെ പരിരക്ഷ ലഭിച്ചതായി നോർക്ക അധികൃതർ അറിയിച്ചു. എല്ലാ മലയാളി സംഘടനകളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും നോർക്ക അധികൃതർ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *