August 15, 2026

യുഎഇ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് സന്തോഷ വാര്‍ത്ത

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് സന്തോഷവാർത്ത; ഇനി 34 രാജ്യങ്ങളിൽ വാഹനം ഓടിക്കാം




യുഎഇ ഡ്രൈവിങ് ലൈസൻസ് കൈവശമുള്ളവർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനവുമായി യുഎഇ ആഭ്യന്തര മന്ത്രാലയം. പുതിയ തീരുമാനപ്രകാരം, യുഎഇ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് ഇനി 34 രാജ്യങ്ങളിൽ വാഹനം ഓടിക്കാനോ, ചില രാജ്യങ്ങളിൽ പ്രാദേശിക ഡ്രൈവിങ് ലൈസൻസായി കൈമാറ്റം ചെയ്യാനോ അവസരം ലഭിക്കും. ‘മുർഖൂസ്’ (Murkhoos) പദ്ധതിയുടെ ഭാഗമായാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.

പുതിയ സംവിധാനമനുസരിച്ച്, യുഎഇ പൗരന്മാർക്ക് ഈ 34 രാജ്യങ്ങളിൽ റസിഡൻസി ലഭിച്ചാൽ അവരുടെ യുഎഇ ഡ്രൈവിങ് ലൈസൻസ് അതത് രാജ്യങ്ങളിലെ പ്രാദേശിക ഡ്രൈവിങ് ലൈസൻസായി മാറ്റാൻ കഴിയും. കൂടാതെ, ഹ്രസ്വകാല സന്ദർശനത്തിനോ വിനോദയാത്രയ്ക്കോ പോകുന്നവർക്ക് അംഗീകൃത രാജ്യങ്ങളിൽ യുഎഇ ലൈസൻസ് ഉപയോഗിച്ച് നിയമാനുസൃതമായി വാഹനം ഓടിക്കാനും സാധിക്കും.

അതേസമയം, ഈ പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്ന് യുഎഇയിലേക്ക് എത്തുന്നവർക്ക് യുഎഇ റസിഡൻസി ലഭിച്ചാൽ, അവരുടെ സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാനോ യുഎഇ ഡ്രൈവിങ് ലൈസൻസായി കൈമാറ്റം ചെയ്യാനോ അവസരമുണ്ട്. ചില രാജ്യങ്ങളിലെ പൗരന്മാർക്ക് പ്രായോഗികമോ തിയറി ഡ്രൈവിങ് പരീക്ഷയോ എഴുതാതെ തന്നെ ലൈസൻസ് കൈമാറ്റം ചെയ്യാനുള്ള സൗകര്യവും നിലവിലുണ്ട്.

യുഎഇ ലൈസൻസ് അംഗീകരിക്കുന്ന പ്രധാന രാജ്യങ്ങൾ

എസ്റ്റോണിയ, അൽബാനിയ, പോർച്ചുഗൽ, ചൈന, ഹംഗറി, ഗ്രീസ്, യുക്രൈൻ, ബൾഗേറിയ, സ്ലോവാക്യ, സ്ലോവേനിയ, സെർബിയ, സൈപ്രസ്, ലാത്വിയ, ലക്സംബർഗ്, ലിത്വാനിയ, മാൾട്ട, ഐസ്‌ലാൻഡ്, ഇസ്രായേൽ, അസർബൈജാൻ, ബെലാറസ്, ഉസ്‌ബെക്കിസ്ഥാൻ, യുണൈറ്റഡ് കിംഗ്ഡം, ഓസ്ട്രിയ, ഡെൻമാർക്ക്, നെതർലാൻഡ്സ്, പോളണ്ട്, ഫിൻലാൻഡ്, ക്രൊയേഷ്യ, നോർത്ത് മാസിഡോണിയ, കൊസോവോ, കിർഗിസ്ഥാൻ എന്നിവ ഉൾപ്പെടെ 34 രാജ്യങ്ങളിലാണ് യുഎഇ ഡ്രൈവിങ് ലൈസൻസിന് അംഗീകാരമുള്ളത്.




സൗത്ത് കൊറിയയിൽ റസിഡൻസി ലഭിക്കുന്ന യുഎഇ പൗരന്മാർക്കും ലൈസൻസ് കൈമാറ്റത്തിനുള്ള സൗകര്യം ലഭ്യമാണ്. അതേസമയം, യുഎഇയിൽ റസിഡൻസിയുള്ള നിരവധി രാജ്യങ്ങളിലെ പൗരന്മാർക്ക് അവരുടെ ദേശീയ ഡ്രൈവിങ് ലൈസൻസ് യുഎഇ ലൈസൻസായി മാറ്റാൻ പ്രത്യേക ഇളവുകളും ലഭ്യമാണ്.

ലൈസൻസ് കൈമാറ്റത്തിനുള്ള പ്രധാന നിബന്ധനകൾ

യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് കൈമാറ്റം ചെയ്യാൻ അപേക്ഷിക്കുന്നവർക്ക് ചില അടിസ്ഥാന നിബന്ധനകൾ പാലിക്കണം. ലൈസൻസ് കൈമാറ്റത്തിന് അംഗീകൃത രാജ്യത്തിലെ പൗരനായിരിക്കണം, നിയമപരമായ ഡ്രൈവിങ് പ്രായം പൂർത്തിയായിരിക്കണം, നിലവിലെ ഡ്രൈവിങ് ലൈസൻസ് സാധുവായിരിക്കണം, ബന്ധപ്പെട്ട എമിറേറ്റിലെ റസിഡൻസി ഉണ്ടായിരിക്കണം, നിർബന്ധമായ കണ്ണ് പരിശോധന വിജയിക്കണം. ആവശ്യമായ സാഹചര്യങ്ങളിൽ യഥാർത്ഥ ഡ്രൈവിങ് ലൈസൻസും ഹാജരാക്കേണ്ടതുണ്ട്.

പുതിയ തീരുമാനം യുഎഇ പൗരന്മാർക്കും വിദേശത്ത് യാത്ര ചെയ്യുന്നവർക്കും കൂടുതൽ സൗകര്യം ഒരുക്കുന്നതോടൊപ്പം, വിവിധ രാജ്യങ്ങളുമായുള്ള ഗതാഗത സഹകരണവും ശക്തിപ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *