യുഎഇയിൽ ജൂലൈ 1 മുതൽ വൻ മാറ്റങ്ങൾ; പ്രവാസികളെ ബാധിക്കുന്ന അഞ്ച് സുപ്രധാന പ്രഖ്യാപനങ്ങൾ
ദുബായ്: യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്കും ബിസിനസ് മേഖലയ്ക്കും ഏറെ പ്രാധാന്യമുള്ള നിരവധി മാറ്റങ്ങൾ ജൂലൈ ഒന്നുമുതൽ നിലവിൽ വരുന്നു. ഇത്തിഹാദ് റെയിൽ യാത്രാ സർവീസ്, ഇന്ത്യൻ പാസ്‌പോർട്ട് ഫീസ് വർധന, സ്കൂൾ വേനലവധി, ഷാർജയിലെ പുതിയ പാർക്കിംഗ് നിയമങ്ങൾ, ബിസിനസുകൾക്കുള്ള ഇ-ഇൻവോയ്‌സിംഗ് സംവിധാനം എന്നിവയാണ് പ്രധാനമായും പ്രാബല്യത്തിൽ വരുന്നത്.
ഇത്തിഹാദ് റെയിൽ യാത്രാ സർവീസിന് തുടക്കം
യുഎഇയുടെ ദേശീയ റെയിൽവേ പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ ആദ്യ യാത്രാ സർവീസ് ജൂൺ 30 മുതൽ പൊതുജനങ്ങൾക്ക് ലഭ്യമാകും. ജൂലൈ മുതൽ യാത്രക്കാർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്ത് ട്രെയിൻ യാത്ര ആരംഭിക്കാനാകും. അബുദാബിയിൽ നിന്ന് ഫുജൈറയിലേക്കാണ് ആദ്യ സർവീസ് നടത്തുന്നത്.
ജൂൺ 23-ന് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതോടെ വലിയ പ്രതികരണമാണ് ലഭിച്ചത്. ആദ്യ രണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ 5,000-ത്തിലധികം പേർ ടിക്കറ്റുകൾ ബുക്ക് ചെയ്തതായും ജൂൺ 30-ലെ ആദ്യ മൂന്ന് സർവീസുകളിലെയും സീറ്റുകൾ പൂർണമായി വിറ്റഴിഞ്ഞതായും അധികൃതർ അറിയിച്ചു.
റെയിൽ ശൃംഖലയുടെ വിപുലീകരണത്തിന്റെ ഭാഗമായി ദുബായ്, അൽ ദൈദ് സ്റ്റേഷനുകൾ 2026 സെപ്റ്റംബർ 30-നും, അൽ ദഫ്ര സ്റ്റേഷനുകൾ 2026 ഡിസംബർ 30-നും തുറക്കും. 2027 മാർച്ച് 30-ന് ഷാർജ സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുന്നതോടെ ശൃംഖല പൂർണമാകും.
ഇന്ത്യൻ പാസ്‌പോർട്ട് ഫീസ് വർധിക്കും
യുഎഇയിലെ ഇന്ത്യൻ പ്രവാസികളെ നേരിട്ട് ബാധിക്കുന്ന പ്രധാന മാറ്റങ്ങളിലൊന്നാണ് പാസ്‌പോർട്ട് സേവന നിരക്കിലെ വർധന. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ നിർദേശപ്രകാരം ജൂലൈ 1 മുതൽ പാസ്‌പോർട്ട് ഫീസ് ആഗോളതലത്തിൽ 75 ശതമാനം വരെ വർധിക്കും. പുതുക്കിയ ഫീസ് വിവരങ്ങൾ യുഎഇയിലെ ഇന്ത്യൻ എംബസി ഉടൻ പുറത്തുവിടും.
അതോടൊപ്പം, നിലവിൽ ബിഎൽഎസ് മുഖേന ലഭിക്കുന്ന കോൺസുലാർ സേവനങ്ങൾ അവസാനിക്കുകയും, ‘ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ’ എന്ന ഏക പ്ലാറ്റ്‌ഫോമിന് കീഴിലേക്ക് സേവനങ്ങൾ മാറുകയും ചെയ്യും. അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് ആണ് പുതിയ സേവന ദാതാക്കൾ.
പാസ്‌പോർട്ട് പുതുക്കൽ, ഒസിഐ കാർഡുകൾ, വിസ അപേക്ഷകൾ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി), ഡോക്യുമെന്റ് അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾ ഇനി ഒരിടത്ത് ലഭ്യമാകും. ഓരോ അപേക്ഷയ്ക്കും 19 ദിർഹം സർവീസ് ചാർജായി ഈടാക്കും.
യുഎഇ സ്കൂളുകളിൽ വേനലവധി തുടങ്ങുന്നു
യുഎഇയിലെ സ്കൂളുകൾ ജൂലൈ 3-ഓടെ വേനലവധിക്കായി അടയ്ക്കും. എട്ട് ആഴ്ച നീളുന്ന അവധിക്കാലമാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുക. ഇതോടെ പ്രവാസികൾ നാട്ടിലേക്ക് മടങ്ങുന്ന തിരക്കേറിയ യാത്രാ സീസണിനും തുടക്കമാകും. പുതിയ അധ്യയന വർഷം ആഗസ്റ്റ് 31-ന് ആരംഭിക്കും.
ഷാർജയിൽ പാർക്കിംഗ് സമയം അർധരാത്രിവരെ
ജൂലൈ 1 മുതൽ ഷാർജ സിറ്റി മുനിസിപ്പാലിറ്റി പൊതുപാർക്കിംഗ് സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ നിയമപ്രകാരം രാത്രി 12 മണിവരെ പണമടച്ച് പാർക്ക് ചെയ്യേണ്ടിവരും.
മഞ്ഞ ബോർഡുകളുള്ള പാർക്കിംഗ് മേഖലകളിലും ഇനി ബ്ലൂ സോണുകൾക്ക് സമാനമായി അർധരാത്രിവരെ ഫീസ് ഈടാക്കും. ഷാർജ സിറ്റി, കൽബ, ഖോർഫക്കാൻ, അൽ ദൈദ് എന്നിവ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും ഈ നിയമം ബാധകമായിരിക്കും. വെള്ളിയാഴ്ചകളും പൊതുഅവധി ദിവസങ്ങളും പാർക്കിംഗ് സൗജന്യമായിരിക്കും. എന്നാൽ ആഴ്ചയിൽ ഏഴ് ദിവസവും ഫീസ് ഈടാക്കുന്ന പ്രത്യേക സോണുകൾക്ക് ഇത് ബാധകമല്ല.
ദുബായ് സമ്മർ സർപ്രൈസസ് ജൂലൈ 2 മുതൽ
ഷോപ്പിംഗ് പ്രേമികൾ കാത്തിരിക്കുന്ന ദുബായ് സമ്മർ സർപ്രൈസസിന്റെ 29-ാം പതിപ്പ് ജൂലൈ 2 മുതൽ ആഗസ്റ്റ് 30 വരെ നടക്കും. “മേക്ക് ഇറ്റ് എ ദുബായ് സമ്മർ” എന്ന പ്രമേയത്തിൽ 60 ദിവസം നീളുന്ന മേളയിൽ വൻ വിലക്കിഴിവുകളും സംഗീത പരിപാടികളും കുടുംബങ്ങൾക്കായുള്ള പ്രത്യേക വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്.
ബിസിനസുകൾക്ക് ഇ-ഇൻവോയ്‌സിംഗ് നിർബന്ധമാകും
യുഎഇയിലെ ബിസിനസ് സ്ഥാപനങ്ങൾക്കായി ഇ-ഇൻവോയ്‌സിംഗ് സംവിധാനം കൂടുതൽ വ്യാപകമായി നടപ്പിലാക്കുന്നതും ജൂലൈ മുതൽ ശ്രദ്ധേയമായ മാറ്റങ്ങളിലൊന്നാണ്. ഡിജിറ്റൽ ഇടപാടുകൾക്ക് കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.