തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും, കാർഡിന്റെ നിറമോ വിഭാഗമോ പരിഗണിക്കാതെ, ഒരു ലിറ്റർ അധിക മണ്ണെണ്ണ കൂടി വാങ്ങാനുള്ള അവസരം ലഭ്യമായിരിക്കുകയാണ്. ലഭ്യമായ സ്റ്റോക്കിന്റെ അടിസ്ഥാനത്തിൽ എല്ലാ കാർഡ് ഉടമകൾക്കും ഓരോ ലിറ്റർ വീതം അധികമായി വിതരണം ചെയ്യാൻ സിവിൽ സപ്ലൈസ് കമ്മിഷണർ നിർദേശം നൽകിയിട്ടുണ്ട്. ഈ അധിക വിഹിതം വാങ്ങുന്നതിനുള്ള അവസാന തീയതി ജൂൺ 30 (നാളെ) വരെയാണ്.
ഏപ്രിൽ-ജൂൺ ക്വാർട്ടറിലേക്കുള്ള സാധാരണ മണ്ണെണ്ണ വിഹിതം ഇതിനകം കൈപ്പറ്റിയവർക്കും, അതത് റേഷൻ കടകളിലെ സ്റ്റോക്ക് ലഭ്യത അനുസരിച്ച് ഈ അധിക വിഹിതം ലഭ്യമാകും. നേരത്തെ, മഞ്ഞ കാർഡ് ഉടമകൾക്ക് ഒരു ലിറ്ററും പിങ്ക്, നീല, വെള്ള കാർഡ് ഉടമകൾക്ക് അര ലിറ്റർ മണ്ണെണ്ണയുമാണ് ഏപ്രിൽ-ജൂൺ കാലയളവിൽ അനുവദിച്ചിരുന്നത്.
ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലായി വൈദ്യുതി സൗകര്യമുള്ള വീടുകളിലെ അന്ത്യോദയ അന്നയോജന കാർഡുകൾക്ക് ആകെ ഒരു ലിറ്റർ മണ്ണെണ്ണയും, മുൻഗണന വിഭാഗം, പൊതുവിഭാഗം സബ്സിഡി, പൊതുവിഭാഗം കാർഡുകൾക്ക് 0.5 ലിറ്റർ വീതവും അനുവദിച്ചിരുന്നു. അതേസമയം, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുടമകൾക്ക് ആകെ ആറ് ലിറ്റർ മണ്ണെണ്ണ ലഭിക്കുമെന്നായിരുന്നു അറിയിപ്പ്. ഇതിന് പുറമേയാണ് ഇപ്പോൾ അധിക വിഹിതവും അനുവദിച്ചിരിക്കുന്നത്.
ജൂൺ മാസത്തെ റേഷൻ വിതരണം
അന്ത്യോദയ അന്ന യോജന (AAY) കാർഡ്
- 30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും.
- കൂടാതെ മൂന്ന് പായ്ക്കറ്റ് ആട്ട ഏഴ് രൂപ നിരക്കിൽ ലഭിക്കും.
മുൻഗണന വിഭാഗം (PHH)
- ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും.
- അനുവദിച്ചിട്ടുള്ള മൊത്തം ഗോതമ്പിൽ നിന്ന് 4 കിലോ കുറച്ച്, അതിന് പകരമായി നാല് പായ്ക്കറ്റ് ആട്ട 9 രൂപ നിരക്കിൽ വാങ്ങാനാകും.
പൊതുവിഭാഗം സബ്സിഡി (NPNS)
- ഓരോ അംഗത്തിനും 2 കിലോ അരി കിലോയ്ക്ക് 4 രൂപ നിരക്കിൽ ലഭിക്കും.
- താലൂക്ക് അടിസ്ഥാനത്തിലുള്ള സ്റ്റോക്ക് ലഭ്യത അനുസരിച്ച് കാർഡിന് പരമാവധി 4 കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.
പൊതുവിഭാഗം കാർഡ് (NPN)
- കാർഡിന് 4 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും.
- സ്റ്റോക്ക് ലഭ്യത അനുസരിച്ച് പരമാവധി 4 കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭ്യമാകും.
പൊതുവിഭാഗം സ്ഥാപനം കാർഡ്
- ഓരോ കാർഡിനും 2 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും.
- അതത് താലൂക്കിലെ സ്റ്റോക്ക് അനുസരിച്ച് പരമാവധി 1 കിലോ ആട്ട 17 രൂപ നിരക്കിൽ ലഭിക്കും.
മുൻഗണനാ റേഷൻ കാർഡിലേക്ക് അപേക്ഷിക്കാം
ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗമായ പി.എച്ച്.എച്ച് (പിങ്ക്) കാർഡുകളാക്കി മാറ്റുന്നതിനായി അപേക്ഷ സമർപ്പിക്കാം. അടുത്ത മാസം 17 വരെ ഓൺലൈൻ വഴിയാണ് അപേക്ഷ സ്വീകരിക്കുക.
അർഹരായ കാർഡുടമകൾ ആവശ്യമായ രേഖകൾ സഹിതം അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ, സിറ്റിസൺ ലോഗിൻ പോർട്ടൽ വഴിയോ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. നിലവിൽ മുൻഗണനേതര വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളതും, മുൻഗണനാ റേഷൻ കാർഡിന് അർഹതയുള്ളതുമായ കുടുംബങ്ങൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.