August 15, 2026
abhayakiranam project

പ്രതിമാസം 1,000 രൂപ വീതം; അഭയകിരണം പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

വിധവകൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരാലംബർക്കുമായി കേരള സർക്കാർ വിവിധ ക്ഷേമപദ്ധതികൾ നടപ്പിലാക്കി വരുന്നു. അത്തരത്തിൽ സാമൂഹിക നീതി വകുപ്പ് നടപ്പാക്കുന്ന പ്രധാന പദ്ധതികളിലൊന്നാണ് അഭയകിരണം. ഈ പദ്ധതിയിലൂടെ അർഹരായ ഗുണഭോക്താക്കൾക്ക് പ്രതിമാസം 1,000 രൂപ ധനസഹായം ലഭിക്കും. ഇപ്പോൾ പദ്ധതിയിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്. അഭയകിരണം പദ്ധതിയിലേക്ക് എങ്ങനെ അപേക്ഷിക്കാമെന്ന് നോക്കാം.

അഭയകിരണം പദ്ധതി എന്താണ്?

നിരാലംബരും ഭവനരഹിതരുമായ വിധവകൾക്ക് സുരക്ഷിതവും മെച്ചപ്പെട്ടതുമായ ജീവിതസാഹചര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സാമൂഹിക നീതി വകുപ്പ് അഭയകിരണം പദ്ധതി ആരംഭിച്ചത്. സ്വന്തമായി വീടില്ലാത്ത വിധവകളെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ബന്ധുവിന് പ്രതിമാസം 1,000 രൂപ സാമ്പത്തിക സഹായം നൽകുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

വിധവകൾക്ക് പുറമെ, അവിവാഹിതരായ സ്ത്രീകൾ, ഭർത്താവ് ഉപേക്ഷിച്ച സ്ത്രീകൾ തുടങ്ങിയവരെയും പദ്ധതിയുടെ ഗുണഭോക്താക്കളായി ഉൾപ്പെടുത്തിയിട്ടുണ്ട്.

അർഹതാ മാനദണ്ഡങ്ങൾ

അപേക്ഷകൻ കേരളത്തിൽ സ്ഥിരതാമസക്കാരനായിരിക്കണം. കുടുംബത്തിന്റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം. കുടുംബ പെൻഷൻ, സർവീസ് പെൻഷൻ തുടങ്ങിയ മറ്റ് ആനുകൂല്യങ്ങൾ ലഭിക്കുന്നവർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. കൂടാതെ, സാമൂഹിക നീതി വകുപ്പ് നടപ്പാക്കുന്ന മറ്റ് പദ്ധതികളുടെ ഗുണഭോക്താക്കളായിരിക്കരുത്. അപേക്ഷകന്റെ പ്രായം 50 വയസിന് മുകളിലായിരിക്കണമെന്നതും പ്രധാന നിബന്ധനകളിലൊന്നാണ്.

ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം?

www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. വെബ്സൈറ്റിൽ പ്രവേശിച്ച ശേഷം ‘പൊതുജന പദ്ധതികൾ’ വിഭാഗത്തിലെ ‘അപേക്ഷ പോർട്ടൽ’ തിരഞ്ഞെടുക്കണം. തുടർന്ന് ‘എങ്ങനെ അപേക്ഷിക്കാം’ എന്ന മെനുവിൽ ക്ലിക്ക് ചെയ്ത് അർഹതാ മാനദണ്ഡങ്ങളും അപേക്ഷ സമർപ്പിക്കുന്ന രീതിയും വിശദമായി മനസ്സിലാക്കാം.

അപേക്ഷകൾ ഓൺലൈനായി ഐ.സി.ഡി.എസ് ഓഫീസിലെ വനിതാ-ശിശുവികസന വകുപ്പ് പദ്ധതി ഓഫീസർമാർക്ക് സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് സമീപത്തെ ശിശുവികസന പദ്ധതി ഓഫീസിനെയോ അങ്കണവാടി പ്രവർത്തകരെയോ ബന്ധപ്പെടാം.

ഓഫ്ലൈനായി അപേക്ഷിക്കേണ്ട വിധം

അപേക്ഷകർക്ക് സമീപത്തെ ജില്ലാ സാമൂഹിക നീതി ഓഫീസ് സന്ദർശിച്ച് അപേക്ഷാ ഫോം വാങ്ങാം. പൂർണമായും പൂരിപ്പിച്ച അപേക്ഷയും ആവശ്യമായ രേഖകളും സഹിതം ബന്ധപ്പെട്ട ജില്ലാ സാമൂഹിക നീതി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം. അപേക്ഷകളുടെ വിശദമായ പരിശോധനയ്ക്ക് ശേഷമേ അർഹരായവർക്ക് ധനസഹായം അനുവദിക്കുകയുള്ളു.

ആവശ്യമായ രേഖകൾ

  • പാസ്‌പോർട്ട് സൈസ് ഫോട്ടോ
  • പ്രായം തെളിയിക്കുന്ന തിരിച്ചറിയൽ രേഖയുടെ ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ പകർപ്പ്
  • ബന്ധുവിന്റെ സംരക്ഷണത്തിൽ കഴിയുന്ന വിധവയാണെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്
  • റേഷൻ കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്
  • ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *