മുൻഗണനാ റേഷൻ കാർഡിനായി ഇന്ന് മുതൽ അപേക്ഷിക്കാം. ഇതുസംബന്ധിച്ച വിവരങ്ങൾ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ പുറത്തുവിട്ടു. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുള്ള കുടുംബങ്ങൾക്ക്, അവരുടെ കാർഡ് പി.എച്ച്.എച്ച് (പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിനായി ഇന്ന് മുതൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ അടുത്ത മാസം 17 വരെ ഓൺലൈനായി സ്വീകരിക്കും.
അർഹരായ കാർഡുടമകൾ ആവശ്യമായ രേഖകൾ സഹിതം അക്ഷയ കേന്ദ്രങ്ങൾ വഴിയോ, സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in) ഉപയോഗിച്ചോ ഓൺലൈനായി അപേക്ഷിക്കണം. നിലവിൽ മുൻഗണനേതര വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളതും, എന്നാൽ മുൻഗണനാ കാർഡിന് അർഹതയുള്ളതുമായ കുടുംബങ്ങൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
അപേക്ഷിക്കാനുള്ള അർഹത ആരെല്ലാം?
മുൻഗണനാ റേഷൻ കാർഡുകൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അർഹരായ കുടുംബങ്ങൾക്കായാണ് അനുവദിക്കുന്നത്.
- അർബുദം, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയ ഗുരുതര രോഗങ്ങൾ ബാധിച്ച് ചികിത്സയിൽ കഴിയുന്ന അംഗങ്ങളുള്ള കുടുംബങ്ങൾ.
- ആശ്രയമില്ലാത്ത സ്ത്രീകൾ ഗൃഹനാഥമാരായ കുടുംബങ്ങൾ.
- ഗുരുതരമായ ശാരീരികമോ മാനസികമോ ആയ വെല്ലുവിളികൾ നേരിടുന്ന കുട്ടികളോ മുതിർന്നവരോ ഉള്ള കുടുംബങ്ങൾ.
- സർക്കാർ സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്ന അതിദരിദ്ര വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾ.
ആരൊക്കെയാണ് അർഹതയിൽ നിന്ന് ഒഴിവാകുന്നത്?
താഴെപ്പറയുന്നവർക്ക് മുൻഗണനാ റേഷൻ കാർഡിന് അർഹതയില്ല:
- സ്വന്തമായി നാലുചക്ര വാഹനം ഉള്ളവർ (ടാക്സി ഒഴികെ).
- കുടുംബത്തിലെ ഏതെങ്കിലും അംഗം സർക്കാർ/അർദ്ധസർക്കാർ ജീവനക്കാരനായാൽ.
- ഇൻകം ടാക്സ് അടയ്ക്കുന്നവർ.
- വിദേശത്ത് സ്ഥിരമായ നല്ല തൊഴിൽ ഉള്ളവർ.
- ഒരേക്കറിലധികം പുരയിടം സ്വന്തമായുള്ളവർ.
അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് താഴെ പറയുന്ന രേഖകൾ തയ്യാറാക്കി വെക്കണം:
- നിലവിലുള്ള റേഷൻ കാർഡിന്റെ പകർപ്പ്.
- വില്ലേജ് ഓഫീസിൽ നിന്ന് ലഭിക്കുന്ന വരുമാന സർട്ടിഫിക്കറ്റ്.
- കുടുംബാംഗങ്ങളുടെ ആധാർ കാർഡിന്റെ പകർപ്പുകൾ.
- പ്രത്യേക പരിഗണനയ്ക്ക് അർഹത തെളിയിക്കുന്ന രേഖകൾ (മെഡിക്കൽ സർട്ടിഫിക്കറ്റ്, ഡിസബിലിറ്റി സർട്ടിഫിക്കറ്റ് തുടങ്ങിയവ).
എങ്ങനെ അപേക്ഷിക്കാം?
അക്ഷയ കേന്ദ്രങ്ങൾ വഴി
സമീപത്തുള്ള അക്ഷയ കേന്ദ്രം സന്ദർശിച്ച് ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ, സിവിൽ സപ്ലൈസ് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ നൽകാൻ സാധിക്കും. അപേക്ഷ സമർപ്പിച്ച ശേഷം അതിന്റെ രസീത് ലഭിക്കുന്നതാണ്. താൽപര്യമുള്ളവർ നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷ നൽകണം.
സിവിൽ സപ്ലൈസ് വെബ്‌സൈറ്റ് വഴി നേരിട്ട്
ഇന്റർനെറ്റ് സൗകര്യമുള്ളവർക്ക് സിവിൽ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക പോർട്ടലായ ecitizen.civilsupplieskerala.gov.in-ൽ ലോഗിൻ ചെയ്ത്, ‘ലഭ്യമായ സേവനങ്ങൾ’ വിഭാഗത്തിൽ നിന്ന് ‘മുൻഗണനാ കാർഡിലേക്കുള്ള മാറ്റം’ (Change to Priority) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുകയും അപേക്ഷ സമർപ്പിക്കാവുന്നതുമാണ്.