August 15, 2026

മലയാളികൾ മറക്കരുത്: ജൂലൈ ഒന്ന് മുതൽ ഉള്ള സുപ്രധാന മാറ്റങ്ങൾ

2026 ജൂലൈ 1 മുതൽ രാജ്യത്ത് നിരവധി സുപ്രധാന മാറ്റങ്ങൾ നിലവിൽ വരാനിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ക്ഷേമപദ്ധതികൾ, റേഷൻ വിതരണം, പെൻഷൻ, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ മേഖലകളിൽ ഈ മാറ്റങ്ങൾ നേരിട്ട് സാധാരണക്കാരുടെ ജീവിതത്തെ ബാധിച്ചേക്കും. നിർദേശങ്ങളും നടപടികളും സമയബന്ധിതമായി പൂർത്തിയാക്കാത്തവർക്ക് വിവിധ ആനുകൂല്യങ്ങൾ നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്. ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന പ്രധാനപ്പെട്ട ഒമ്പത് കാര്യങ്ങൾ അറിയാം.




1. രാജ്യവ്യാപക ഡിജിറ്റൽ സെൻസസിന് തുടക്കം

ജൂലൈ ഒന്നുമുതൽ രാജ്യവ്യാപക ഡിജിറ്റൽ സെൻസസ് നടപടികൾ ആരംഭിക്കും. ആദ്യഘട്ടത്തിൽ വീടുകളെ സംബന്ധിച്ച വിവരശേഖരണമാണ് നടത്തുക. ജനസംഖ്യാ കണക്കെടുപ്പ് ഉൾപ്പെടെയുള്ള തുടർ നടപടികൾ 2027 ഫെബ്രുവരിയിലായിരിക്കും നടക്കുക. ആശുപത്രികൾ, വിദ്യാലയങ്ങൾ, റോഡുകൾ തുടങ്ങി വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് ഈ വിവരങ്ങൾ നിർണായകമാണ്. അതിനാൽ ഉദ്യോഗസ്ഥർ വീടുകളിലെത്തുമ്പോൾ കൃത്യമായ വിവരങ്ങൾ നൽകാൻ എല്ലാവരും ശ്രദ്ധിക്കണം.

2. തൊഴിലുറപ്പ് പദ്ധതിയിൽ പുതിയ മാറ്റങ്ങൾ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നതായി റിപ്പോർട്ടുകളുണ്ട്. ‘വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ’ (VBGR-AMJI) എന്ന പേരിൽ പദ്ധതി പുനർനാമകരണം ചെയ്യപ്പെടും. കൂടുതൽ വേതനവും വർഷത്തിൽ 125 തൊഴിൽ ദിനങ്ങളും ഉറപ്പുനൽകുന്നതാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. തൊഴിലാളികൾക്ക് പ്രത്യേക റോസ്ഗാർ ഗ്യാരണ്ടി കാർഡുകളും വിതരണം ചെയ്യും. ശമ്പളം ലഭിക്കാൻ ആധാർ സീഡിങ് പൂർത്തിയാക്കിയ ബാങ്ക് അക്കൗണ്ട് നിർബന്ധമായിരിക്കും.

3. എൽപിജി ഗ്യാസ് കണക്ഷൻ മസ്റ്ററിങ് നിർബന്ധം

പാചകവാതക ഉപഭോക്താക്കൾക്കായി ഇ-കെവൈസി മസ്റ്ററിങ് നടപടികൾ കൂടുതൽ കർശനമാക്കും. ഗ്യാസ് കണക്ഷൻ ആരുടെ പേരിലാണോ ഉള്ളത്, അവർ നേരിട്ടെത്തി മസ്റ്ററിങ് പൂർത്തിയാക്കേണ്ടതുണ്ട്. ഇത് ചെയ്യാത്തവർക്ക് ഭാവിയിൽ റീഫിൽ സിലിണ്ടർ വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് സബ്സിഡി ലഭിക്കാൻ മസ്റ്ററിങ് നിർബന്ധമാണ്.




4. പി.എൻ.ജി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം

പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) ലഭ്യമായ പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് പരമ്പരാഗത എൽപിജി കണക്ഷൻ ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇതിനായി അനുവദിച്ചിരുന്ന സമയപരിധി ജൂൺ 30ന് അവസാനിക്കും. അതിനാൽ ഇത്തരം പ്രദേശങ്ങളിലുള്ളവർ എത്രയും വേഗം പി.എൻ.ജി കണക്ഷനിലേക്ക് മാറേണ്ടതാണ്.

5. പി.എം കിസാൻ ഗുണഭോക്താക്കൾ ഇ-കെവൈസി പരിശോധിക്കണം

പി.എം കിസാൻ സമ്മാനനിധി പദ്ധതിയിലൂടെ വർഷം 6,000 രൂപ ലഭിക്കുന്ന കർഷകർ തങ്ങളുടെ ഇ-കെവൈസി സ്റ്റാറ്റസ് പരിശോധിക്കേണ്ടതാണ്. ചില ഗുണഭോക്താക്കൾക്ക് വിവരങ്ങൾ വീണ്ടും പുതുക്കേണ്ട സാഹചര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ സ്റ്റാറ്റസ് ‘Done’ ആണെന്ന് ഉറപ്പാക്കുന്നത് ആനുകൂല്യം മുടങ്ങാതിരിക്കാൻ സഹായിക്കും.

6. പുതിയ സ്കോളർഷിപ്പ് അപേക്ഷകൾ ആരംഭിക്കും

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ സ്കോളർഷിപ്പ് പദ്ധതികൾക്കുള്ള പുതിയ അപേക്ഷാ നടപടികൾ ജൂലൈ മുതൽ ആരംഭിക്കും. അർഹരായ വിദ്യാർത്ഥികൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴിയോ ഔദ്യോഗിക പോർട്ടലുകൾ വഴിയോ അപേക്ഷ സമർപ്പിക്കണം.

7. എ.പി.എൽ റേഷൻ കാർഡുകൾക്ക് വീണ്ടും ഗോതമ്പ്

എ.പി.എൽ വിഭാഗത്തിൽപ്പെട്ട വെള്ള, നീല റേഷൻ കാർഡുടമകൾക്ക് ഏറെ നാളായി നിർത്തിവെച്ചിരുന്ന ഗോതമ്പ് വിതരണം ജൂലൈ മാസം മുതൽ പുനരാരംഭിക്കുമെന്നാണ് അറിയിപ്പ്. റേഷൻ കടകൾ വഴി വീണ്ടും ഗോതമ്പ് ലഭ്യമാക്കാനാണ് തീരുമാനം.

8. സാമൂഹ്യക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് നിർണായക അറിയിപ്പ്

വിധവാ പെൻഷനും 50 വയസിന് മുകളിലുള്ള അവിവാഹിതർക്കുള്ള പെൻഷനും ലഭിക്കുന്നവർ നോൺ-റീമാര്യേജ് സർട്ടിഫിക്കറ്റ് ജൂൺ 30നകം സമർപ്പിക്കണം. സമയപരിധിക്കുള്ളിൽ രേഖകൾ നൽകാത്തവരുടെ പെൻഷൻ താൽക്കാലികമായി തടയാൻ സാധ്യതയുണ്ട്.




9. പുതിയ 100 ദിന കർമ്മ പദ്ധതിക്ക് തുടക്കം

കേരള സർക്കാർ ജൂലൈ ഒന്നുമുതൽ പുതിയ 100 ദിന കർമ്മ പരിപാടിക്ക് തുടക്കം കുറിക്കുകയാണ്. വിവിധ ജനക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം, ആനുകൂല്യ വിതരണം എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുക. ‘കണക്ട് ടു വർക്ക്’ പദ്ധതിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളും പുനരാരംഭിക്കുമെന്ന സൂചനകളുണ്ട്.

സർക്കാർ ആനുകൂല്യങ്ങൾ തടസ്സമില്ലാതെ ലഭിക്കുന്നതിനായി മുകളിൽ പറഞ്ഞ കാര്യങ്ങൾ കൃത്യസമയത്ത് തന്നെ പൂർത്തിയാക്കാൻ എല്ലാവരും ശ്രദ്ധിക്കണം.

Leave a Reply

Your email address will not be published. Required fields are marked *